ആർത്തവവിരാമം; സ്ത്രീകളെ വലയ്ക്കുന്ന ഹോട്ട് ഫ്ളാഷിനെ പറ്റി തുറന്ന് പറഞ്ഞ് ട്വിങ്കിൾ ഖന്ന

ആര്‍ത്തവവിരാമ കാലത്ത് സ്ത്രീകള്‍ നിശബ്ദമായി സഹിക്കുന്ന പല ശാരീരിക മാനസിക പ്രശ്‌നങ്ങളുമുണ്ട്

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകള്‍, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ആരോഗ്യ പ്രശ്‌നമാണ് ആര്‍ത്തവ വിരാമ സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥതകൾ. ആര്‍ത്തവവിരാമത്തോട് അടുക്കുന്ന കാലത്ത് സ്ത്രീകള്‍ക്ക് വലിയ മാനസിക ശാരീരിക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടും. നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയുടെ ആര്‍ത്തവവിരാമത്തെക്കുറിച്ചുള്ള തുറന്ന് പറച്ചില്‍ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ കാരണമായിരുന്നു. ആര്‍ത്തവിരാമത്തിന്റെ ഏറ്റവും കൂടുതല്‍ സ്ത്രീകളില്‍ കണ്ട് വരുന്നതും, ബുദ്ധിമുട്ടുള്ളതുമായ ഹോട്ട് ഫ്‌ളാഷ് അനുഭവത്തെപ്പറ്റിയാണ് ഖന്ന തുറന്ന് പറഞ്ഞത്.

ആര്‍ത്തവവിരാമ കാലത്ത് സ്ത്രീകള്‍ നിശബ്ദമായി സഹിക്കുന്ന പല ശാരീരിക മാനസിക പ്രശ്‌നങ്ങളുമുണ്ട്. ഈ പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഖന്നയുടെ തുറന്ന് പറച്ചില്‍.

എന്താണ് ഹോട്ട് ഫ്‌ളാഷ്

ആര്‍ത്തവവിരാമ കാലത്ത് സ്ത്രീകള്‍ക്ക് ശരീരം പുകച്ചില്‍, അമിതമായ ചൂട്, വിയര്‍പ്പ്, ചര്‍മത്തില്‍ ചുവന്ന തടിപ്പ് കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങളോട് കൂടി വരുന്ന ശാരീരിക അസ്വസ്ഥ്യമാണ് ഹോട്ട് ഫ്‌ളാഷ്. ആര്‍ത്തവവിരാമത്തിന്റെ ഒരു പ്രധാന ലക്ഷണമായാണ് ഇതിനെ കണക്കാക്കുന്നത്. 40 കഴിഞ്ഞ മിക്ക സ്ത്രീകള്‍ക്കും ഹോട്ട് ഫ്‌ളാഷ് അനുഭവപ്പെടാമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശരീരത്തിന് അനുഭവപ്പെടുന്ന ചൂടും, പുകച്ചിലും മുപ്പത് സെക്കന്റ് മുതല്‍ അഞ്ച് മിനിട്ട് വരെ നീണ്ടുനില്‍ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മുഖത്തും കഴുത്തിലും പെട്ടെന്ന് കാണപ്പെടുന്ന തടിപ്പ്, ഹൃദയമിടിപ്പ് വര്‍ധിക്കുന്നത്, അമിത വിയര്‍പ്പ് തുടങ്ങിയവ ഹോട്ട് ഫ്‌ളാഷിന്റെ ലക്ഷണങ്ങളാണ്. അമിത ക്ഷീണം, അകാരണമായ ദേഷ്യം, മറവി എന്നിവയും ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവവിരാമത്തിന്റെ ഇത്തരം ലക്ഷണങ്ങള്‍ സാധാരണമാണെന്ന് കരുതരുത്. ചികിത്സയ്ക്ക് കൃത്യമായി സ്ത്രീരോഗ വിദഗ്ധരെ കാണേണ്ടതുണ്ട്.

കാരണങ്ങള്‍

ആര്‍ത്തവവിരാമത്തിന്റെ സമയത്തും, അതിനും മുന്‍പും സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഹോട്ട് ഫ്‌ളാഷിന്റെ പ്രധാന കാരണം. ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ ശരീരത്തിലെ താപം നിയന്ത്രിക്കുന്ന ഹൈപ്പോതലാമസിനുണ്ടാകുന്ന മാറ്റമാണ് ശരീരത്തില്‍ ഹോട്ട് ഫ്‌ളാഷായി പ്രതിഫലിക്കുന്നത്. ശരീരതാപം കൂടുമ്പോള്‍ അത് കുറയ്ക്കാനായി ശരീരം തന്നെ താപത്തെ പുറന്തള്ളും, ഇതാണ് പുകച്ചിലായി അനുഭവപ്പെടുന്നത്.

പരിഹാരം

മരുന്നുകളിലൂടെയും, ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും ഹോട്ട് ഫ്‌ളാഷ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

Content Highlight; Hot Flashes: A Common Symptom of Menopause

To advertise here,contact us