ആത്മവിശ്വാസം, ദൃഢനിശ്ചയം, സ്വപ്നം എന്നിങ്ങനെ ചില വാക്കുകളുണ്ട്.. മനുഷ്യന് പലഘട്ടങ്ങളിലും തളരാതിരിക്കാന്‍ ആശ്രയിക്കുന്ന തൂണുകളാണിവ. ചിലര്‍ക്ക് ഈ വാക്കുകള്‍, വെറും വാക്കുകള്‍ മാത്രമല്ല ജീവിക്കാനുള്ള പ്രചോദനമാണ്. അത്തരത്തിലൊരാളാണ് എറണാകുളം അസിസ്റ്റന്റ് കളക്ടറായ പാര്‍വതി ഗോപകുമാര്‍. സ്വപ്നത്തിന് പിറകെ പോകാന്‍ പരിമിതികള്‍ തടസമാവില്ലെന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് പാര്‍വതി. അപകടത്തില്‍ വലംകൈ നഷ്ടപ്പെട്ടപ്പോഴും, ആത്മവിശ്വാസം കൈവിടാതെ ഇടംകൈ ആയുധമാക്കുകയായിരുന്നു പാര്‍വതി.
തിങ്കളാഴ്ച്ച രാവിലെയാണ് പാര്‍വതി എറണാകുളത്ത് അസി. കളക്ടറായി ചുമതലയേറ്റത്. എല്‍എല്‍ബി പഠനകാലത്ത് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എസ്. സുഹാസിന്റെ ഓഫീസില്‍ ഇന്റേണ്‍ഷിപ് ചെയ്യാന്‍ പോയതോടെയാണ് പാര്‍വതി ഐഎഎസ് എന്ന സ്ഥാനം സ്വപ്നം കണ്ട് തുടങ്ങിയത്. അന്ന് സബ് കളക്ടറായിരുന്ന വി ആര് കൃഷ്ണ തേജ പാര്‍വതിയുടെ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നു. സിവില്‍ സര്‍വ്വീസിനെ സ്വപ്നമായി കാണണമെന്ന് കൃഷ്ണ തേജ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനോടൊപ്പം ഇരുചക്രവാഹനത്തില്‍ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോകുമ്പോളുണ്ടായ അപകടത്തിലാണ് പാര്‍വതിക്ക് വലംകൈ നഷ്ടമായത്. അന്ന് മുതല്‍ നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് തളര്‍ന്ന് പോകാതെ ഉള്ളതുകൊണ്ട് എങ്ങനെ സ്വപ്നങ്ങള്‍ കീഴടക്കാമെന്ന് ആലോചിച്ചിരുന്നു. നഷ്ടപ്പെട്ട വലംകൈയ്ക്ക് പകരമായി ഇടംകൈകൊണ്ട് സ്ലേറ്റില്‍ എഴുതി പഠിച്ച് തുടങ്ങി. പിന്നീട് നഷ്ടപ്പെട്ട കൈയ്ക്ക് പകരം കൃത്രിമ കൈ ഘടിപ്പിച്ചു. പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷ മുഴുവന്‍ മാര്‍ക്കോടെ പാസ്സായ പാര്‍വതി നിയമം പഠിക്കാനായി ബാഗളൂരുവിലേക്ക് വണ്ടി കേറി.
2021ല്‍ ബാംഗളൂരുവിലെ നാഷണല്‍ ലോ സ്കൂളില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. ആദ്യത്തെ പരിശ്രമത്തില്‍ സിവില്‍ സര്‍വീസ് കൈവിട്ട് പോയെങ്കിലും, രണ്ടാം തവണ പരിശ്രമം കൊണ്ട് 282-ാം റാങ്ക് കയ്യെത്തി പിടിക്കാന്‍ കഴിഞ്ഞു. മലയാളത്തിലെ പുസ്തകങ്ങളോടുള്ള അടുപ്പം പാര്‍വ്വതിയെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളം ഓപ്ഷനാക്കാന്‍ പ്രേരിപ്പിച്ചു.
അച്ഛന് ജോലി ചെയ്തിരുന്ന ആലപ്പുഴ കളക്ടറേറ്റില്‍ അസി. കളക്ടറായി ചുമതലയേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും, എങ്കിലും തൊട്ടടുത്ത ജില്ലയില്‍ തന്നെ ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും തിളക്കമുണ്ടായിരുന്നു പാര്‍വതിയുടെ കണ്ണുകളില്‍.
കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ് നായരാണ് പാര്‍വ്വതിയുടെ അമ്മ. അച്ഛന് ആലപ്പുഴ കളക്ടറേറ്റില്‍ തഹസില്‍ദാരായ കെ എസ് ഗോപകുമാര്‍. സഹോദരിയായ രേവതി ഗോപകുമാര്‍ തിരുവനന്തപുരം ഐസറിലെ വിദ്യാര്‍ഥിനിയാണ്. പാര്‍വതി അസി. കളക്ടര്‍ പദിവിയേല്ക്കുന്നത് കാണാന്‍ കുടുംബവും എറണാകുളത്ത് എത്തിയിരുന്നു.
Content Highlights: Left-Handed Determination: Parvathi Gopakumar Becomes Assistant Collector