2001ൽ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച് ലിസി നിർമിച്ച ചിത്രമായിരുന്നു കാക്കക്കുയിൽ. 1988ൽ പുറത്തിറങ്ങിയ എ ഫിഷ് കോൾഡ് വാണ്ട എന്ന ഇംഗ്ലീഷ് സിനിമയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. മോഹൻലാൽ, മുകേഷ് എന്നിവർ പ്രധാനവേഷത്തിൽ എത്തിയ സിനിമയിലെ ഫാസ്റ്റ് നമ്പറുകളിൽ ഒന്നായിരുന്നു 'ആലാരെ ഗോവിന്ദ' എന്ന പാട്ട്. ഈ പാട്ടിൽ ശ്വേത മേനോനും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ പാട്ടിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ഓർമകൾ പങ്കുവെക്കുകയാണ് ശ്വേത മേനോൻ. സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആ പാട്ടിൽ ലാലേട്ടന്റെ ഒരു സോമർസോൾട്ടുണ്ട്. അതിൽ സത്യത്തിൽ ഞാൻ കൊടുത്തിട്ടുള്ള റിയാക്ഷൻസ് ഒറിജിനലായിരുന്നു. കാരണം എന്നോട് അതിനെ കുറിച്ച് ആരും പറഞ്ഞിരുന്നില്ല. ലാലേട്ടൻ സോമർസോൾട്ട് ചെയ്തിട്ടാണ് വരുന്നതെന്ന് പറഞ്ഞില്ല. ക്യാമറ എന്റെ നേരെ ആണെന്നും ഞാൻ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ലാലേട്ടൻ സോമർസോൾട്ട് ചെയ്ത് വന്നപ്പോൾ ഞാൻ വാ പൊളിച്ചു പോയി. അതായിരുന്നു ആദ്യത്തെ ക്ലോസപ്പ് ഷോട്ട്,
എന്നെ സംവിധായകൻ പ്രിയദർശൻ ആയിരുന്നു ഈ പാട്ടിൽ അഭിനയിക്കാൻ വിളിച്ചത്. എന്നാൽ വരില്ലെന്ന് ആദ്യം പറഞ്ഞിരുന്നു. അന്ന് മലയാളത്തിൽ വലിയൊരു ഗ്യാപ്പ് വന്ന സമയമായിരുന്നു. എന്നെ ഒരു ദിവസം പെട്ടെന്ന് പ്രിയൻ വിളിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ഹൈദരാബാദിൽ വെച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യാനുണ്ടെന്നും പറഞ്ഞു. ഞാൻ ഇല്ലെന്ന് അന്ന് പ്രിയനോട് പറഞ്ഞിരുന്നു. നല്ല പാട്ടാണെന്നും അതിന്റെ സെറ്റൊക്കെ ഇട്ടിട്ടുണ്ടെന്നും പ്രിയൻ പറഞ്ഞു. അവസാനം ഞാൻ പാട്ടിന് വേണ്ടി പോകുകയായിരുന്നു,' ശ്വേത മേനോൻ പറഞ്ഞു.
Content Highlights: Swetha Menon talks about the song in the movie Kakkakkuyil