ആമിർ ഖാനെ നായകനാക്കി ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രമാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് പ്രതികരണങ്ങൾ. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടൻ മഹേഷ് ബാബു എത്തി.
ചിത്രം നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നും മഹേഷ് ബാബു എക്സിൽ കുറിച്ചു. 'സിത്താരെ സമീൻ പർ, എത്ര തിളക്കമാർന്ന സിനിമ. സിനിമ നിങ്ങളെ ചിരിപ്പിക്കും, കരയിപ്പിക്കും, കയ്യടിപ്പിക്കും. ആമിർ ഖാന്റെ എല്ലാ ക്ലാസിക്കുകളെയും പോലെ, മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ നിങ്ങൾ തിയേറ്ററിന് പുറത്തേക്ക് പോകും', മഹേഷ് ബാബു കുറിച്ചു. എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
#SitaareZameenPar …Shines so bright and how…..It’ll make you laugh, cry and clap!! Like all Aamir Khan’s classics, you’ll walk out with a big smile on your face… Love and Respect..♥️♥️♥️#AamirKhan @geneliad @r_s_prasanna @AKPPL_Official @ShankarEhsanLoy #AmitabhBhattacharya…
പിങ്ക് വില്ലയുടെറിപ്പോർട്ട് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 94 കോടിയോളം നേടിയെന്നാണ് കണക്ക്.
ആദ്യ ദിവസം വെറും 19 കോടി മാത്രമായിരുന്നു സിനിമയ്ക്ക് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം കളക്ഷനിൽ വമ്പൻ മുന്നേറ്റം നടത്തി. രണ്ടാം ദിവസം 34 കോടി രൂപയും മൂന്നാം ദിവസം 40 കോടിയുമാണ് സിനിമ ആഗോള മാർക്കറ്റിൽ നിന്നും നേടിയത്. ചിത്രം നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള് സാവ്ധാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര് എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.
Content Highlights: Mahesh Babu praises Aamir Khan film Sitaare Zameen Par