'2000,1000 കോടി ക്ലബ്ബുകൾ ഞങ്ങൾക്കില്ല, പക്ഷെ ഈ നടി ഞങ്ങളെ കടത്തിവെട്ടി'; നാഗാർജുന

'നല്ല കഴിവുള്ള നടിയാണ്. എല്ലാവരെയും ഈ സിനിമയിലൂടെ അവർ ചിരിപ്പിക്കും എന്ന് ഉറപ്പാണ്' എന്നും നാഗാര്‍ജുന

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ വേദിയിൽ നാഗാർജുന രശ്‌മിക മന്ദാനയെക്കുറിച്ച് പറയുന്ന വക്കുകളാണ് ശ്രദ്ധ നേടുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആളുകൾക്കിടയിൽ ഓളമുണ്ടാക്കാൻ നടിക്കായെന്നും തങ്ങൾക്കാർക്കും ഇതുവരെ 2000 , 1000 കോടി ക്ലബ്ബുകൾ ഇല്ലെന്നും നാഗാർജുന പറഞ്ഞു.

കഴിവിന്റെ പവർ ഹൗസ് ആണ് രശ്‌മിക. കഴിഞ്ഞ വർഷങ്ങളിലായി അവർ അഭിനയിച്ച സിനിമകളും അവയുടെ തിരഞ്ഞെടുപ്പും ഗംഭീരമാണ്. ഞങ്ങളിൽ ആർക്കും 2000 , 3000 കോടി ക്ലബ്ബുകൾ ഇല്ല. പക്ഷെ രശ്‌മികയ്ക്ക് ഉണ്ട്. ഞങ്ങളെ എല്ലാവരെയും രശ്‌മിക കടത്തിവെട്ടി. നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഞാൻ ഈ സിനിമയുടെ ഡബ്ബിങ് കണ്ടിരുന്നു. നല്ല കഴിവുള്ള നടിയാണ്. എല്ലാവരയെയും ഈ സിനിമയിലൂടെ അവർ ചിരിപ്പിക്കും എന്ന് ഉറപ്പാണ്,' നാഗാർജുന പറഞ്ഞു.

#Nagarjuna:“None of us are ₹2000 or ₹3000 crore guys. She is the one – #RashmikaMandanna” pic.twitter.com/TiZSwXBa9t

രശ്‌മിക നായികയായെത്തിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 2000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനത്തിൽ എത്തിയ അനിമൽ എന്ന ചിത്രത്തിലും രശ്‌മിക ആയിരുന്നു നായിക. ഈ സിനിമയും 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.അതേസമയം, ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. അടുത്തിടെ സിനിമയുടേതായി പങ്കുവെച്ച ഗാനങ്ങളും ടീസറും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് നേടിയത്. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും കുബേരയിൽ കാണാൻ കഴിയുക എന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

നാഗാർജുനയുടെയും ഒരു ഗംഭീര പെർഫോമൻസ് സിനിമയിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlights: nagarjuna about rashmika mandana

To advertise here,contact us