മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. മോഹൻലാലിന് ഒരു ഹാട്രിക്ക് വിജയമാകും എന്ന് പ്രതീക്ഷിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായതും. ഇപ്പോൾ സിനിമയുടെ ഒരു ലൊക്കേഷൻ സ്റ്റില്ലാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലാണിത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയെയും ഈ സ്റ്റില്ലിൽ കാണാം. മോഹൻലാലിന്റെ അവസാന രണ്ടു റിലീസുകളായ എമ്പുരാന്റെയും തുടരുമിന്റെയും സ്റ്റണ്ട് ഒരുക്കിയത് സ്റ്റണ്ട് സിൽവയായിരുന്നു. ഈ സിനിമകളിലെ മോഹൻലാലിന്റെ ഫെെറ്റ് സീനുകൾ തിയേറ്ററുകളിൽ വലിയ ആരവവും സൃഷ്ടിച്ചിരുന്നു. വീണ്ടും മോഹൻലാൽ-സ്റ്റണ്ട് സിൽവ കോംബോയിൽ ഒരു ഗംഭീര സ്റ്റണ്ട് സീക്വൻസ് ഉണ്ടാകുമോ എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ.
Stunt Choreographer Silva At #Hridayapoorvam Location 😌🔥@Mohanlal #Mohanlal @silvastunt pic.twitter.com/6a91opjd6Y
അതേസമയം ആഗസ്റ്റ് 28 ന് ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയേറ്ററിലെത്തുന്നത്. 'ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്. സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
ആശിര്‍വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന് പ്രഭാകരന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
Content Highlights: Mohanlal movie Hridayapoorvam location still out