തുടരും സിനിമയില്‍ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച ഒരു സര്‍പ്രൈസ് കാമിയോ ആയിരുന്നു തമിഴ് നടന് വിജയ് സേതുപതിയുടേത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്മുഖന്റെ ചെറുപ്പത്തിലെ സുഹൃത്തായാണ് വിജയ് സേതുപതി ചിത്രത്തിലെ ചില ഫോട്ടോസില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വലിയ കയ്യടിയും ലഭിച്ചിരുന്നു.
അതില്‍ തന്നെ ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു തുടരും ടൈറ്റില്‍ സോങ്ങില്‍ കാണിക്കുന്ന ഇരുവരുടേയും ഫോട്ടോ. ചെന്നൈയില്‍ സിനിമയില്‍ ഫൈറ്റേഴ്സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രം എന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഫോട്ടോ സിനിമയില്‍ കാണിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി. 'മോഹന്‍ലാല്‍ എന്ന അതുല്യ മനുഷ്യനോടൊപ്പം ഒരു പിക്ചര്‍ സ്പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം' എന്നാണ് വിജയ് സേതുപതി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഈ ചിത്രം മോഹന്‍ലാലും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും…,' എന്ന തുടരുമിലെ ടൈറ്റില്‍ സോങ്ങിലെ വരികള്ക്കൊപ്പായിരുന്നു മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്.
വിജയ് സേതുപതിയുടെ അനുമതിയോടെയാണ് ആ ചിത്രങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ എന്ന നടനോടുള്ള അദ്ദേഹത്തിന്റെ ആരാധന കൊണ്ടാണ് ഫോട്ടോ ഉപയോഗിക്കാന്‍ വിജയ് സേതുപതി അനുമതി നല്‍കിയതെന്നും തരുണ്‍ പറഞ്ഞിരുന്നു.
'ലാലേട്ടനോടുള്ള സ്നേഹം കാരണമാണ് ആ ഫോട്ടോ ഉപയോഗിക്കാന്‍ അദ്ദേഹം അനുമതി തന്നത്. ഞങ്ങള്‍ മെയില്‍ അയക്കുകയായിരുന്നു. ലാല്‍ സാറിന്റെ പഴയ സുഹൃത്തായിട്ടാണെന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും ഉപയോഗിക്കാമെന്ന് പറഞ്ഞു,' എന്നായിരുന്നു തരുണിന്റെ വാക്കുകള്‍.
അതേസമയം, തിയേറ്ററില്‍ വലിയ വിജയം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ് തുടരും. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തി കൂടി ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. രജപുത്ര വിഷ്വല്‍ മീഡിയ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Vijay Sethupathy about the photo of him in Mohanlal's Thudarum movie