അക്ഷയ് കുമാറും കാർത്തിക്കും അല്ല, ആ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത് മറ്റൊരു താരം

ആദ്യം കാർത്തിക് ആര്യനെ ആയിരുന്നു നായകനായി തിരഞ്ഞെടുത്തത്. എന്നാൽ ചിത്രത്തിൽ നിന്ന് പിന്നീട് കാർത്തിക് പിന്മാറി

ജോൺ എബ്രഹാം, പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൻസുഖാനി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് ദോസ്താന. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല തവണയായി ചിത്രം മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ നായകന്മാരിൽ ഒരാളായി വിക്രാന്ത് മാസി എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. കിൽ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ലക്ഷ്യയാണ് സിനിമയിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ നായികയായി ഒരു പുതുമുഖം എത്തുമെന്നാണ് റിപ്പോർട്ട്. 2026 ജനുവരിയിൽ ഷൂട്ട് ആരംഭിച്ച് വർഷാവസാനത്തോടെ ചിത്രം പുറത്തിറക്കാനാണ് നിർമാതാക്കളുടെ പദ്ധതി. മ്യൂസിക്, കോമഡി, പ്രണയം, ഡ്രാമ എന്നിവ ഉൾക്കൊള്ളുന്ന ഒരു ചിത്രമായിട്ടാണ് ദോസ്താന 2 വിഭാവനം ചെയ്യുന്നത്. ചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്ന കാര്യം തീരുമാനമായിട്ടില്ല.

ആദ്യം കാർത്തിക് ആര്യനെ ആയിരുന്നു നായകനായി തിരഞ്ഞെടുത്തത്. എന്നാൽ ചിത്രത്തിൽ നിന്ന് പിന്നീട് അദ്ദേഹം പിന്മാറി. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ധർമ്മ പ്രൊഡക്ഷൻസുമായുള്ള തെറ്റിദ്ധാരണയാണ് കാര്‍ത്തിക്കിന്‍റെ പിന്‍മാറ്റത്തിന് പിന്നില്‍ എന്നാണ് അന്ന് വാര്‍ത്ത വന്നത്. പിന്നാലെ അക്ഷയ് കുമാറിന്റെ പേരും നായകസ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. ധർമ്മ പ്രൊഡക്ഷൻസിന്റെ കീഴിൽ ഹിരൂ യാഷ് ജോഹറും കരൺ ജോഹറും ചേർന്നായിരുന്നു ദോസ്താനയുടെ ആദ്യ ഭാഗം നിർമിച്ചത്. 40 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 87 കോടിയാണ്.

Content Highlights: Vikrant Massey to lead Dosthana 2

To advertise here,contact us