വിജയ്ക്ക് ശേഷം ആര്, ആരും ഇല്ലെന്ന് തെളിയിച്ച് ഗോട്ടിന്റെ കളക്ഷൻ; അടുത്തെത്താനാകാതെ രജനിയും കമൽ ഹാസനും

വേട്ടയ്യൻ വേട്ട തുടരുമ്പോഴും വിജയ് ചിത്രത്തിന്റെ കളക്ഷൻ മറികടക്കാനാവില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്

2024ന്‍റെ ആദ്യ മാസങ്ങളില്‍ പുത്തന്‍ റിലീസുകളില്‍ നിന്നും നേട്ടം കൊയ്യാനാകാതെ തളർച്ചയോടെയായിരുന്നു തമിഴ് സിനിമ കടന്നുപോയത്. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വമ്പന്‍ റിലീസുകള്‍ മാറ്റിവെച്ചതും കോളിവുഡിനെ ബാധിച്ചിരുന്നു.

റീ റിലീസുകൾ കൊണ്ട് കഷ്ടപ്പെട്ട് തിയേറ്റർ ഓടിച്ച തമിഴ് ഇൻഡസ്ട്രി വിജയ് നായകനായ ഗില്ലി

വീണ്ടും എത്തിയതോടെ ഉണർന്നു. പക്ഷെ, പുറകെ നിരവധി താരങ്ങളുടെ ചിത്രങ്ങൾ റീ റിലീസിന് എത്തിയെങ്കിലും ഗില്ലിയുടെ റെക്കോർഡ് മറികടക്കാനായില്ലെന്ന് മാത്രമല്ല, പല ചിത്രങ്ങളും പ്രതീക്ഷിച്ച നേട്ടവും ഉണ്ടാക്കിയില്ല.

പിന്നീട്, അപ്രതീക്ഷിതമായെത്തിയ ഒരു പുത്തന്‍ പടം വിജയം കൊയ്തു. സുന്ദർ സി സംവിധാനത്തിലെത്തിയ അരമനൈ 4 ഈ വർഷത്തെ തമിഴിലെ ആദ്യ 100 കോടി ചിത്രമായി മാറി. പിന്നാലെ എത്തിയ വിജയ് സേതുപതിയുടെ മഹാരാജയും ചുരുങ്ങിയ ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു മഹാരാജ. തൊട്ടുപിന്നാലെ വലിയ ഹൈപ്പോടെ കമൽ ഹാസൻ നായകനായ ഇന്ത്യന്‍റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 വന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകാതെ മടങ്ങി.

ധനുഷിന്റെ സംവിധാനത്തിലെത്തിയ രായനായിരുന്നു പിന്നീട് തമിഴിൽ നിന്ന് ഉണ്ടായ 100 കോടി ചിത്രം. അതിനു ശേഷമാണ് വിജയ് നായകനായ ഗോട്ട് തിയേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്നാട് കൊണ്ടാടിയ വിജയ് ചിത്രം ഗോട്ട് ആഗോളതലത്തിൽ 500 കോടിക്കടുത്തതാണ് കളക്ഷൻ ഉണ്ടാക്കിയത്. തമിഴ്നാടിന് പുറത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടാനായില്ലെങ്കിലും അത് ചിത്രത്തിന്‍റെ കളക്ഷനെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. 50 ദിവസം തിയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കുമ്പോൾ 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്.

#TheGreatestOfAllTime - Thalapathy Vijay - @vp_offl - @Ags_production ‘s mega blockbuster celebrating 50 days today! 455cr+ globally, 220cr+ gross in Tamil Nadu and 100cr + share in the state 👌👌#1 Tamil grosser of the year globally and Tamil Nadu till date 👏 pic.twitter.com/tmElrBVumr

ഒന്നാം നമ്പർ സ്ഥാനത്ത് ഗോട്ട് തുടരുമ്പോഴാണ് രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ തിയേറ്ററുകളിലെത്തുന്നത്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. ആഗോളതലത്തിൽ 240 കോടിയുമായി വേട്ടയ്യൻ വേട്ട തുടരുന്നുണ്ടെങ്കിലും വിജയ് ചിത്രത്തിന്റെ കളക്ഷൻ മറികടക്കാനാവില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

വിജയ് സിനിമാ കരിയറിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന ഘട്ടത്തിലും തമിഴ് സിനിമയിൽ ദളപതിയ്ക്ക് പകരം വെക്കാൻ ആരും ഇല്ല എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന, ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.

കരിയറിലെ അവസാനത്തേതായിരിക്കാം എന്ന് കരുതപ്പെടുന്ന ചിത്രമായതുകൊണ്ട് തന്നെ വിജയ്‌യുടെ പടിയിറക്കം തമിഴ്നാട് ബോക്സ് ഓഫീസിൽ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചേക്കാം.

Content Highlights: vijay movie goat completed 50 days in theater and creates record

To advertise here,contact us