കയറിയതല്ലേ കഴിച്ചിട്ട് പോകാം; മോഷ്ടാക്കൾ മടങ്ങിയത് ചോറും മീൻ കറിയും അച്ചാറും കഴിച്ച്, പാലെടുത്ത് ചായയുമിട്ടു

ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാർ മടങ്ങിയത് ഭക്ഷണവും കഴിച്ച്

കോഴിക്കോട്: കഷ്ടപ്പെട്ട് മോഷ്ടിക്കാൻ കയറിയിട്ട് ചുമ്മാതങ്ങ് പോയാലെങ്ങനാ… ഫ്രിഡ്ജ് തുറന്നപ്പോൾ നല്ല ചോറും മീൻ കറിയും അച്ചാറും. എങ്ങനെ വേണ്ടെന്ന് വയ്ക്കും?. അങ്ങനെ ആളില്ലാത്ത വീട്ടിൽ കക്കാൻ കയറിയ മോഷ്ടാക്കൾ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

കൂടാതെ പാലെടുത്ത് ചായയിട്ട് കുടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു ഗ്ലാസുകളിലാണ് ചായ കുടിച്ചത്. അകത്തുണ്ടായിരുന്നത് രണ്ടു കസേരകളായിരുന്നതിനാൽ പുറത്തുണ്ടായിരുന്ന ഒരു കസേര കൂടി ഡൈനിങ് ടേബിളിന്റെ അടുത്ത് കൊണ്ടിട്ടിട്ടുമുണ്ട്. അതിനാൽ തന്നെ മോഷണസംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് അനുമാനിക്കുന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്.

അയൽപക്കത്തെ വീട്ടുകാർ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സമീപപ്രദേശത്തു നിന്നും ബന്ധുക്കളെ വീട്ടിലേക്ക് അയച്ചു. അവർ വന്ന് നോക്കുമ്പോഴാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്. വീട്ടിലുളള സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Thieves break into house and had food from fridge

To advertise here,contact us